നമ്മുടെ സ്കൂള്‍

ഗവണ്‍മെന്റ് അപ്പര്‍പ്രൈമറി സ്‌കൂള്‍ ആലന്തറ

ശ്രീ.പട്ടം താണുപിള്ള മന്ത്രിയായിരുന്ന കാലത്ത് തിരു-കൊച്ചി സംസ്ഥാനത്തിലെ എല്ലാ ഗ്രാമീണമേഖലയിലും കുട്ടികള്‍ക്ക് വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിനുവേണ്ടി ഒരു പദ്ധതി ആവിഷ്‌കരിച്ചു. അന്ന് ആലന്തറ ഗ്രാമവാസികളും ഈ പ്രദേശത്ത് ഒരു സ്‌കൂള്‍ ആവശ്യമാണെന്ന്  ഗവണ്‍മെന്റിനെ ധരിപ്പിക്കുകയും അതിന് അനുവാദം കിട്ടുകയും ചെയ്തു. അതു പ്രകാരം 1123 ഇടവം 4-ാം തീയതി (1947 ജൂണ്‍) മുതല്‍ സ്‌കൂള്‍ ആരംഭിച്ചു.

ഈ പ്രദേശത്തുള്ള മുളമൂട് എന്ന വീട്ടിലാണ് ആദ്യം സ്‌കൂള്‍ ആരംഭിച്ചത്. തുടക്കത്തില്‍ രണ്ട് അധ്യാപകര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചെമ്പൂര് മാധവന്‍പിള്ളയും, മുക്കുന്നൂര്‍ കേശവനും ആയിരുന്നു ആദ്യകാലത്തെ അധ്യാപകര്‍. ഹെഡ്മാസ്റ്റര്‍ ശ്രീ.മാധവന്‍പിള്ളയായിരുന്നു. പുരുഷോത്തമന്‍ നായര്‍, ബേബി, ഗോപിനാഥന്‍ നായര്‍ തുടങ്ങിയവരായിരുന്നു ആദ്യകാലത്തെ കുട്ടികള്‍.

മുളമൂട്ടില്‍ ഈശ്വരകുറിപ്പ് ഈ സ്‌കൂളിനുവേണ്ടി അമ്പത് സെന്റ് സ്ഥലം സര്‍ക്കാരിലേക്ക് വിട്ടുകൊടുക്കുകയും തുടര്‍ന്ന് ഇന്ന് സ്‌കൂള്‍ നിലനില്‍ക്കുന്ന സ്ഥലത്ത് 1954-ല്‍ സ്‌കൂള്‍ ആരംഭിക്കുകയും ചെയ്തു.
അന്ന് ഏകദേശം അഞ്ഞൂറോളം കുട്ടികള്‍ പഠിക്കുന്നുണ്ടായിരുന്നു. ആദ്യം ഒരു സെമി പെര്‍മനന്റ് കെട്ടിടം മാത്രമാണ് ഉണ്ടായിരുന്നത്. ഇതിനിടയില്‍ 1960 സെപ്റ്റംബറില്‍ നാടിനെ നടുക്കിയ അതിദാരുണമായ ഒരു സംഭവം ഉണ്ടായി. അതിഭയങ്കരമായ മഴയിലും കൊടുങ്കാറ്റിലും പെട്ട് അന്നുണ്ടായിരുന്ന കെട്ടിടത്തിന്റെ ഏതാണ്ട് മുക്കാല്‍ ഭാഗത്തോളം നിലംപൊത്തി. രണ്ട് കുട്ടികള്‍ മരിക്കുകയുംര അനേകം പേര്‍ക്ക് പരിക്കു പറ്റുകയും ചെയ്തു. ഈ സംഭവം ഇന്നും നടുക്കത്തോടെയാണ് നാട്ടുകാര്‍ ഓര്‍ക്കുന്നത്. അതിനുശേഷം സ്‌കൂളിലുള്ള കുട്ടികളെ അടുത്തുള്ള പൂമുഖം എന്ന വീട്ടിലെ കളിയിലില്‍ ഇരുത്തി പടിപ്പിച്ചു. തുടര്‍ന്ന് പരേതനായ ശ്രീ.എന്‍.ജനാര്‍ദ്ദനന്‍ ഉണ്ണിത്താന്റെ വീടിരിക്കുന്ന പുരയിടത്തില്‍ - അന്ന് ഈ പുരയിടം നടുവത്തൂര്‍മഠം ജനാര്‍ദ്ദനന്‍ പോറ്റിയുടെ വകയായിരുന്നു-രണ്ട് ഷെഡ് കെട്ടി ക്ലാസുകള്‍ നടത്തി. 1961-ല്‍ പുതുതായി കെട്ടിടം പണിയുകയും അവിടെ ക്ലാസുകള്‍ പുനരാരംഭിക്കുകയും ചെയ്തു. ഇന്ന് കാണുന്ന ആസ്ബസ്റ്റോസ് ഷീറ്റിട്ട കെട്ടിടമാണത്.

ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളായിരുന്നു ആദ്യം ഉണ്ടായിരുന്നത്. എന്നാല്‍ 1961-ല്‍ അഞ്ചാം ക്ലാസ് നിലനിറുത്തികൊണ്ടുപോകാന്‍ നിര്‍വാഹമില്ല എന്ന് അന്നത്തെ ഹെഡ്മാസ്റ്റര്‍ അപേക്ഷ സമര്‍പ്പിച്ചതിന്റെ ഫലമായി അഞ്ചാം ക്ലാസ് നിര്‍ത്തലാക്കി. വീണ്ടും ഈ സ്‌കൂളില്‍ അഞ്ചാം ക്ലാസ് കൊണ്ടുവരുന്നതിനുവേണ്ടി നാട്ടുകാരും സ്‌കൂള്‍ അധികൃതരും നിവേദനങ്ങള്‍ സമര്‍പ്പിച്ചതിന്റെ ഫലമായി ഇതിനെ 1981-ല്‍ അപ്പര്‍ പ്രൈമറി സ്‌കൂളായി ഉയര്‍ത്തി.

ഇന്ന് ഈ പ്രദേശത്ത് അറിയപ്പെടുന്ന പല പ്രമുഖ വ്യക്തികളെയും വാര്‍ത്തെരടുക്കുന്നതില്‍ ഈ സ്‌കൂള്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. രാഷ്ട്രീയരംഗത്താണെങ്കില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പരേതനായ ശ്രീ. എം. സുകുമാരക്കുറുപ്പ്, ശ്രീമതി ലീലാശശിധരന്‍ എന്നിവരും കലാരംഗത്ത് ശ്രീ. ആലന്തറ കൃഷ്ണപിള്ള സിനിമാരംഗത്ത് ശ്രീ. തുളസീദാസ് ഡോക്ടറായി അമേരിക്കയില്‍ സേവനമനുഷ്ഠിക്കുന്ന ശ്രീ. സോമന്‍ മറ്റൊരു ഡോക്ടറായ ശ്രീ. ജനാര്‍ദ്ദനന്‍ പോറ്റി തുടങ്ങി വിവിധ ഔദ്യോഗിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി വ്യക്തികള്‍ ഈ സ്‌കൂളില്‍ നിന്നും പഠിച്ചുയര്‍ന്നവരാണ്. അര്‍പ്പണബോധത്തോടെ സ്‌കൂളിന്റെ ഉയര്‍ച്ചയ്ക്കും കുട്ടികളുടെ നന്മയ്ക്കുംവേണ്ടി പ്രവര്‍ത്തിച്ചിരുന്ന നിരവധി അധ്യാപകര്‍ ഈ സ്‌കൂളിലുണ്ടായിരുന്നു. അവരില്‍ എടുത്ത് പറയത്തക്ക പേരുകളാണ് ശ്രീ. ജനാര്‍ദ്ദനന്‍ ഉണ്ണിത്താന്‍, ശ്രീമതി. ലീലാഭായ്, ശ്രീ. വാഹിദ്, ശ്രീമതി. സയ്‌നത്ത് ഉമ്മാള്‍, ശ്രീമതി. ജാനമ്മ എന്നിവര്‍. കൂടാതെ അനേകം പ്രഗത്ഭരായ അധ്യാപകരുടെ സേവനപാരമ്പര്യവും ഈ സ്‌കൂളിനുണ്ട്. ശാസ്ത്രമേള, കലോത്സവം, മറ്റ് മത്സരപരീക്ഷകള്‍ എന്നിവയില്‍ മികവ് പുലര്‍ത്താനും ഈ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്.

No comments:

Post a Comment